House wiring (In Malayalam)

AKLWA Services pride ourselves on a group of quality workers at an affordable price

House wiring (In Malayalam)

വീടിന് വയറിങ്‌ നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.


 

Main room

 

മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത്. മുമ്പൊക്കെ മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഫാന്‍ പോയിൻ്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും.

അതിനനുസരിച്ച് ചെലവും. 20 മി. മീറ്റര്‍ മുതല്‍ 50 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. തേക്കാത്ത ചുവരുകള്‍ക്കും ഇന്റര്‍ലോക്ക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും ചുവരിന് പുറത്തുകൂടിയാണ് വയറിങ്.

അതിന് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി.വി.സി. പൈപ്പുകളാണ് ഭംഗി. 1.5 സ്‌ക്വയര്‍ മി. മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മി. മീറ്റര്‍. കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് സ്‌ക്വയര്‍ മി. മീറ്റര്‍ വയര്‍ വേണം.

ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വയറിങ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. തടി കൊണ്ടുള്ള സ്വിച്ച് ബോക്‌സിനെക്കാള്‍ നല്ലത് ലോഹപ്പെട്ടികളാണ്.

ഭിത്തിയിലെ ഈര്‍പ്പം കൂടിയാല്‍ മരപ്പെട്ടികള്‍ ചിതലരിച്ച് നശിക്കാന്‍ ഇടയുണ്ട്. ലോഹപ്പെട്ടിക്ക് തടി, പ്ലാസ്റ്റിക് പെട്ടികളെക്കാള്‍ 50 ശതമാനം വരെ വില കൂടുതലുണ്ട്. എങ്കിലും ഈ വിലക്കൂടുതല്‍ അതിന്റെ ഈടുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമാകാന്‍ ഇടയില്ല.

ഭംഗി കൂട്ടാന്‍ മോഡുലാര്‍ സ്വിച്ചുകള്‍

ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന സ്വിച്ചുകള്‍ മോഡുലാര്‍ ആക്കാം.

ഉദാഹരണത്തിന് അടുക്കള, സ്വീകരണമുറി എന്നിവിടങ്ങളിലെ സ്വിച്ചുകള്‍ മോഡുലാര്‍ ആക്കുകയും മറ്റിടങ്ങളില്‍ താരതമ്യേന വിലക്കുറവുള്ള സെമി മോഡുലാര്‍ വെക്കുകയും ചെയ്യുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. 

പോയിന്റ് നിര്‍ണയം പ്രധാനം 

ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന്‍, പവര്‍പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ ലാമ്പുകളും മനോഹരമായിരിക്കും. 

റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ് ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം. 

ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണുമുറിയില്‍ രണ്ട് ലൈറ്റ്, ഒരു ഫാന്‍, ഒരു പവര്‍ പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.

ഫ്രിഡ്ജിന് ഉപയോഗിക്കാന്‍ ഉള്ളതാണ് പവര്‍പ്ലഗ്. കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍ ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുക (വാള്‍ ലൈറ്റ്)ളാണ് നല്ലത്.

രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍ പോയിന്റും ഒരു പവര്‍ പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി, ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് ഉപയോഗിക്കാം. വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം.

പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം. 

സുരക്ഷ 

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ഇ.എല്‍.സി.ബി.) പിടിപ്പിക്കുന്നത് നല്ലതാണ്.  

വയറിങ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും. 

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്. 

സാധാരണ ബള്‍ബുകളെക്കാള്‍ വിലക്കൂടുതല്‍ ഉണ്ടെങ്കിലും എല്‍ഇഡി ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് ലാഭകരമായിരിക്കും. സി.എഫ്.എല്‍. ബള്‍ബുകളുടെ ആയുസ്സ് സാധാരണ ബള്‍ബുകളെക്കാള്‍ പത്തിരട്ടിയിലും ഏറെയാണ്. അതിലേറെ ആയുസ്സ് നല്‍കുന്നതും വൈദ്യുതി ലാഭിക്കുന്നതുമാണ് എല്‍.ഇ.ഡി. ബള്‍ബുകള്‍.