ALL KERALA LICENSED WIREMEN AND SUPERVISORS ASSOCIATION
കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വയറിംഗ് തൊഴിലാളികളുടെ ആദ്യ സംഘടനയാണ് ആൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ. സംഘടനയുടെ ആവിർഭാവം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കുട്ടായ്മയിൽ നിന്നാണ് 1971 കാലഘട്ടത്തിൽ സംഘടന വേണം എന്ന ആശയം രൂപപ്പെടുന്നത്. ഇലക്ട്രിക്കൽ ഷോപ്പുമായി ബന്ധപ്പെട്ടുകൊണ്ട് വയർമാൻമാരെ നേരിട്ട് കണ്ട് ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയി ലൂടെയാണ് പ്രവർത്തനം മുന്നോട്ട് പോയി കൊണ്ടിരുന്നത്. സമീപ പ്രദേശത്തുള്ള തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തലശ്ശേരിയിൽ വെച്ച് യോഗം ചേരുകയുണ്ടായി.സംഘടനയെ നയിക്കുന്നതിന് നേതൃത്വം നൽകുന്നതിന് പ്രാപ്തരായവരെ തെരഞ്ഞെടുക്കുകയുണ്ടായി. ആദ്യ ചയർമാൻ ഒ.വി.രാഘവൻ -തലശ്ശേരിയിലെ പ്രമുഖ ഇലക്ട്രീഷ്യൻമാരിൽ ഒരാളായിരുന്നു. പ്രസിഡണ്ട് - സി.എൻ.നാണു. - അദ്ദേഹവും ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരിൽ ഒരാളാണ്. സിനിമാ തീയേറ്റർ ജോലി എറ്റെടുത്തു നടത്തുന്നതിൽ മുൻ നിരയിലായിരുന്നു. സെക്രട്ടറി - കെ.കെ.അനന്തൻ - അദ്ദേഹം ബി ക്ലാസ് ൺട്രാക്ടർ കൂടിയായിരുന്നു. ഗവൺമെന്റ് ജോലികളായിരുന്നു കൂടുതലായും ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്നത്. സമീപ ജില്ലയായ കാസർഗോഡുള്ള വയർമാൻ തൊഴിലാളികളുമായി അദ്ദേഹത്തിന് ബന്ധങ്ങളുണ്ടായിരുന്നു. കാസർഗോഡുള്ള ജോലികൾ ഏറ്റെടുത്തു കൊണ്ട് അവിടെയുള്ളവർക്ക് തൊഴിൽ ദാദാവുമായിരുന്നു കെ.കെ.അനന്തൻ. സംഘടനയിലുള്ള മിക്കവർക്കും പരിചിതനാണദ്ദേഹം. നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ട് വർഷം മാത്രമെ ആയിട്ടുള്ളു. സംഘടനയ്ക്ക് നല്ലൊരു പേര് കണ്ടെത്തുവാൻ യോഗത്തിൽ ചർച്ച നടക്കുകയുണ്ടായി. ഭൂരിപക്ഷ അഭിപ്രായത്തോടെ ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ എന്നത് ഗീകരിച്ചു.അന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഓരോ ജില്ലയിലും അംഗീകാര മുള്ളവരായി ഉണ്ടായിരുന്നത്. ഇന്നത്തെ പോലെ പരീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. നേരിട്ട് ഇന്റർവ്യൂ മാത്രം. തോൽവി ഇല്ലാ എന്ന് തന്നെ പറയാം. ഇലക്ട്രീഷ്യൻമാർക് സമൂഹത്തിന്റെ ഇടയിൽ പ്രമുഖ സ്ഥാനം തന്നെയായിരുന്നു. ഗ്രാമങ്ങളിൽ വൈദ്യുതി വെളിച്ചം അപൂർവ്വങ്ങളായി മാത്രം കാണുന്ന പ്രതിഭാസമായിരുന്നു. അതു കൊണ്ട് തന്നെ ഇത്തരം തൊഴിലാളികൾക്ക് ജന മനസ്സിൽ പ്രമുഖ സ്ഥാനമായിരുന്നു.1972 ജൂലായ് 14ന് ട്രേഡ് യൂണിയൻ നിയമപ്രകാരം ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ എന്ന പേരിൽ റജിസ്ട്രേഷൻ നടത്തി. തലശ്ശേരിയും സമീപ പ്രദേശങ്ങളുമായിരുന്നു പ്രവർത്തന മേഖല.നിയമ വശങ്ങളറിയുന്ന ചെയർമാൻ വേണമെന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 1975 ൽ നടന്ന സംഘടനാ യോഗത്തിൽ ചെയർമാനായി അഡ്വ: എം.പത്മനാഭൻ - BA - BL, പ്രസിഡണ്ട് - എ.കെ.കൃഷ്ണൻ ,സെക്രട്ടറി - കെ.കെ.അനന്തൻ - എന്നിവരെ തെരഞ്ഞെടുത്തു. നിലവിലുള്ള ചെയർമാൻമറ്റ് തിരക്കുകളുള്ളതിനാൽ തൽസ്ഥാനത്ത് നിന്ന് മാറിയ തിനാൽ അന്നത്തെ INTUC നേതാവായിരുന്ന കെ.വി.രാഘവൻ എന്ന വരെ 3-9-1976 ൽ ചെയർമാനായി അവരോധിക്കുകയുണ്ടായി. സെക്രട്ടറി കെ.കെ.അനന്തൻ മുൻകൈ എടുത്തു കൊണ്ട് സമീപ ജില്ലയായ കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്ക് വയർമെൻ അസോസിയേഷൻ എന്ന സംഘടനയുമായി ചർച്ച നടത്തുകയും യോജിച്ചു പ്രവർത്തിക്കാനുള്ള ധാരണയുണ്ടാക്കുകയും ചെയ്തു.1982ൽ പ്രസ്തുത സംഘടന ലൈസൻസ്ഡ് വയർമെൻ എന്ന സംഘടനയിൽ ലയിക്കുകയുണ്ടായി. സംഘടനയുടെ പേരിൽ മാറ്റം വേണം എന്ന നിർദ്ദേശം ഉൾക്കൊണ്ട് കേരള സ്റ്റേറ്റ് ലൈസൻസ് ഡ് വയർമെൻ അസോസിയേഷൻ എന്ന് മാറ്റം വരുത്തുകയുണ്ടായി. INTUC നേതാവായ ചെയർമാന്റെ പ്രേരണയാൽ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഘടനയെ INTUC യിൽ അഫിലിയേറ്റ് ചെയ്തു. ഒരു വിഭാഗത്തിന്റെ എതിർപ്പ് ആ ഘട്ടങ്ങളിൽ സംഘടനയ്ക്കുള്ളിൽ ചർച്ചയായി രുന്നു. അഫിലിയേഷനിൽ പ്രതിഷേധിച്ച് ചെറിയൊരു വിഭാഗം സംഘടനയിൽ നിന്നും വിട്ടു പോകുന്ന സ്ഥിതിയുണ്ടായി. അതിന് ശേഷമാണ് ഈ മേഖലയിൽ മറ്റൊരു സംഘടന രൂപം കൊണ്ടത്. സoഘടനയ്ക്കുള്ളിൽ ഇത് സമ്പന്ധിച്ച് ഗൗരവതരമായ ചർച്ച നടക്കുകയും അഫിലിയേഷൻ തീരുമാനം പിൻവലിക്കാൻ തീരുമാനിക്കുകയുമുണ്ടായി. 18-12-1979 ൽ INTUC അഫിലിയേഷൻ പിൻവലിക്കുകയും തികച്ചും സ്വതന്ത്ര സംഘടനയായി പ്രവർത്തിക്കുവാനുള്ള സംഘടിത നീക്കം നടത്തുകയമുണ്ടായി.
സംഘടനയിലുള്ള അംഗങ്ങൾക്ക് തൊഴിലവസരങ്ങൾ സ്രഷ്ടിക്കുന്നതിനും ജോലിയുമായി ബന്ധപ്പെട്ട സാധന സാമഗ്രീകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഒരു സഹകരണ സംഘം സ്റ്റോർ തുടങ്ങാൻ ധാരണയുണ്ടായി 11-12-1977 ൽ അതിന്റെ പ്രാരംഭ പ്രവർത്തനം നടത്തുകയും 1980 ൽ തലശ്ശേരി താലൂക്ക് വയർമെൻ തൊഴിലാളി സഹകരണ സംഘം - c-846 എന്ന പേരിൽ റജിസ്ട്രേഷൻ ലഭിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. സംഘടനാ സെക്രട്ടറി കെ.കെ.അനന്തൻ തന്നെയാണ് സംഘത്തിന്റെയും ഓണററി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. വളരെക്കാലം ഇന്നത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രവർത്തിച്ചിരുന്ന സംഘം വിപുലീകരിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മാറുകയും നല്ല നിലയിലുള്ള പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു. നഗരത്തിലുള്ള ഇലക്ട്രിക്ക് ഷോപ്പുകളുമായി കിടമത്സരം വേണ്ടി വന്ന ഘട്ടത്തിൽ അംഗങ്ങൾ ഭൂരിഭാഗവും മറ്റ് കടകളെ ആശ്രയിക്കുകയും (വർഷത്തിലുളള ഓഡിറ്റ് കാരണം സംഘത്തിൽ എല്ലാ സാധനങ്ങൾക്കും ബില്ല് നിർബന്ധമായിരുന്നു. പുറമെയുള്ള കടകളിൽ രീതി മറ്റൊന്നായിരുന്നു.) നഷ്ടത്തിലേക്ക് സംഘം കൂപ്പ് കുത്തുകയും സ്റ്റോർ പൂട്ടുകയും സംഘം 2016ൽ പിരിച്ചുവിടുകയുമുണ്ടായി.
1980 ൽ സംഘടനാ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തി പ്രവർത്തനം സജീവമാക്കി മെമ്പർമാരിൽ നിന്ന് മാസത്തിൽ 25 രൂപ സ്വരൂപിച്ചു കൊണ്ടായിരുന്നു തുടക്കം. അംഗങ്ങൾക്കുണ്ടാകുന്ന അസുഖം ,അപകടങ്ങൾ, എന്നിവ യ്ക്കുള്ള ധനസഹായംകൂടാതെ സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന വർക്ക് 100 രൂപ ഒരു മാസത്തെ അവധിക്ക് ചെറിയൊരു പലിശ ഈടാക്കി നൽകാൻ തീരുമാനിക്കുക യുണ്ടായി. കേരളാ സ്റ്റേറ്റ് ലൈസൻസ്ഡ് വയർമെൻ അസോസിയേഷന്റെ 12-ാം സംസ്ഥാന സമ്മേളനം 8/8/83ൽ ആദ്യമായി മറ്റൊരു ജില്ലയായ കാസർഗോഡു വെച്ച് നടത്തപ്പെട്ടു. മറ്റെല്ലാ സമ്മേളനങ്ങളും കണ്ണൂർ ജില്ലയിൽ വച്ചായിരുന്നു നടത്തിയിരുന്നത്. സമ്മേളനത്തിൽ നിലവിലുള്ള ഭാരവാഹികൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.സംഘടനാ പ്രവർത്തനം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദ്ദേശത്താൽ 1986 ൽ പാലക്കാട് ജില്ലാ വയർമെൻ അസോസിയേഷൻ സെക്രട്ടറിയായ പി.കെ. എഡ്വേർഡുമായി കോർട്ട് റോഡിലെ സോന ലോഡ്ജിൽ വെച്ച് ചർച്ച നടത്തിയെങ്കിലും യോജിച്ച പ്രവർത്തനം സാധ്യമായില്ല. പ്രതീക്ഷ കൈവിടാതെയുള്ള നിരന്തര സമ്പർക്കത്താൽ 1 1/7/1987 രാവിലെ 10 മണിക്ക് പാലക്കാട് പ്രീതം ഹാളിൽ വെച്ച് വി.ജെ.അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയനതീരുമാനമുണ്ടായി. യോഗത്തിൽ സംഘടനയുടെ പേര് മാറ്റ തീരുമാനവും കൈക്കൊണ്ടു. ആൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ എന്ന പേര് മാറ്റവും, സംഘടനയിൽ പുതിയൊരു അംഗത്തെ ചേർക്കുന്നതിന് നിലവിലെ ഒരു അംഗം സാക്ഷ്യപ്പെടുത്തിയിരിക്കണം എന്ന ദേദഗതിയോടു കൂടി 9/7/88ന ഭരണഘടന അമന്റ്മെന്റ് നടത്തി. അതേ വർഷം തന്നെ നെയ്യാറ്റിൻകര താലൂക്ക് വയർമെൻ അസോസിയേഷനുമായി ചർച്ചകൾ നടത്തിയോജിച്ചു പ്രവർത്തിക്കുവാൻ ധാരണയുണ്ടാക്കി.1988 ജൂൺ 12-ാം തിയതി നെയ്യാറ്റിൻകര യൂണിറ്റും ബാലരാമപുരം യൂണിറ്റും രൂപീകരിച്ചു.1988ൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ചെയർമാനായി അഡ്വ: പി.കെ.വിജയനെയും പ്രസിഡണ്ട് -കെ.കെ.അനന്തൻ, കണ്ണൂർ, ജനറൽ സെക്രട്ടറിയായി കെ.ബാലചന്ദ്രൻ -പാലക്കാട്, വൈ. പ്രസിഡണ്ട്മാരായി - ആർ.സുബ്രമണ്യദാസ് -പാലക്കാട്, എഫ്.ജെ.രാജു -കാസർഗോഡ്, ജോ.. സെക്രട്ടറിമാരായി എം.മോഹനൻ കണ്ണൂർ, എം.ശങ്കരൻ -പാലക്കാട്, ട്രഷറർ -കെ.മുരളീധരൻ തൃശൂർ.വയറിംഗ് തൊഴിലാളികളുടെ യും ഉപഭോക്താക്കളുടെയും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 3/9/88ന് എല്ലാ കലക്ട്രേറ്റിന് മുമ്പിലും ധർണ്ണാ സമരം നടത്തുകയുണ്ടായി. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 5/9/88ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണാ സമരം നടത്തുകയുണ്ടായി.സെക്രട്ടേറിയറ്റ് നടയിലെ ധർണാ സമരത്തിന്റെ ഉൽഘാടകൻ തിരുവനന്തപുരം മേയറെയായിരുന്നു തീരുമാനിച്ചിരുന്നത്. ഉൽഘാടകൻ വൈകിയത് കാരണം പി.കെ. എഡ്വേർഡ് ഉൽഘാടനം നിർവ്വഹിച്ചു. മേയർ 12 മണിക്കെത്തി അല്പസമയം പ്രസംഗിച്ചു. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി. ഒരു സുപ്രവൈസർക്ക് 2 വയർമാൻ 2 അപ്രന്റീസ് എന്ന പരിധി വർദ്ധിപ്പിക്കണം എന്ന ആവശ്യം പരിഗണിച്ച് 1990 മുതൽ 5 വയർമാൻ 5 അപ്രന്റീസ് എന്ന രീതിയിൽ വർദ്ധനവ് വരുത്തി ഉത്തരവായി.1991 ൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ചെയർമാൻ അഡ്വ.പി.കെ.വിജയൻ, പ്രസിഡണ്ട് -കെ. ഭാസ്ക്കരൻ, ജനറൽ സെക്രട്ടറി.പി.കെ. എഡ്വേർഡ് എന്നിവരെ തെരഞ്ഞെടുത്തു.സംഘടനയുടെ 17-ാം സംസ്ഥാന സമ്മേളനം 1995 ജനുവരി 30 ന് തലശ്ശേരി ബേങ്ക് ഓഡിറ്റോറിയത്തിലെ ഇബ്രാഹിം കുട്ടി നഗറിൽ C. I. T. U. ഏറിയാ സെക്രട്ടറി എ.കെ. ചന്ദ്രൻ പ്രസിഡണ്ട് കെ.ഭാസ്ക്കരന്റെ അദ്ധ്യക്ഷതയിൽ ഉൽഘാടനം നിർവ്വഹിച്ചു. ചെയർമാൻ അഡ്വ: പി.കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. എഡ്വേർഡ് റിപ്പോർട്ട് അവതരിപ്പിച്ചു.തലശ്ശേരി പുതിയ ബസ് സ്റ്റാൻന്റ് പരിസരത്തെ ബാലൻ നഗർ പൊതുസമ്മേളന വേദിയായി. അഡ്വ: പി.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ബഹു: എം.പി.മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു.എം. രാമണ്ണറെ എം.പി., എം.എൽ.എ. മമ്മു മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. കണ്ണൂർ ജില്ലയുടെ തൊട്ടടുത്ത ജില്ലയും കേരളത്തിലെ പ്രധാന ജില്ലകളിലൊന്നു മായ കോഴിക്കോട് ജില്ലയിൽ ഘടനയ്ക്ക് വേരോട്ടമുണ്ടാക്കാനുള്ള പ്രവർത്തനം കണ്ണൂർ ജില്ലയിൽ അംഗങ്ങളായ കോഴിക്കോട് ജില്ലയിൽ പെട്ടവരെ ഉൾപ്പെടുത്തി1999 ഫിബ്രവരി 14 ന് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകൃതമായി. സംസ്ഥാന വൈ: പ്രസിഡണ്ട് .ഒ.കെ.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.രഘുനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി.സോമൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി എസ്. പി. റഹീം, സെക്രട്ടറിയായി ജഗൻ മോഹൻ, ട്രഷററായി ടി.പി.രാജീവൻ എന്നിവരെ തെരഞ്ഞെടുത്തു.